തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം തന്‍റെ മന്ത്രിസഭയിലെ ​അംഗത്തിന് ലഭിച്ചതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്നത് അഭിനന്ദാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോ​ഗ്യമന്ത്രി കെകെ ശൈലജയ്ക്ക് പുരസ്കാരം നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകളിലും ചർച്ചകളിലും എതിർപ്പുളളവർ പോലും സാമൂഹ്യരംഗത്തെ ഇടപെടലുകൾ സ്വാഗതം ചെയ്യുന്നു. പൊതുവായ താൽപര്യങ്ങൾ മുൻനിർത്തിയുളള കാര്യങ്ങൾക്ക് പിന്തുണ കിട്ടണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാലറി ചലഞ്ച്, മന്ത്രിമാരുടെ വിദേശയാത്ര എന്നിങ്ങനെയുളള കാര്യങ്ങളിൽ പൊതുവായ താൽപര്യത്തിനൊത്താണോ പല മാധ്യമങ്ങളും നിന്നതെന്ന് സംശയമുണ്ട്. മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ ലോകം ചുറ്റലായി മാധ്യമങ്ങൾ ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിന്നാൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനർനിർമാണവും ദുരിതാശ്വാസവും ശക്തിപ്പെടേണ്ടത് ഒരു സർക്കാരിന്റെ മാത്രം ആവശ്യമാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രളയ പുനർനിർമ്മാണത്തിലും ദുരിതാശ്വാസത്തിലും സമൂഹത്തിന്റെ പൊതു താൽപര്യത്തിനും ഒപ്പം മാധ്യമങ്ങൾ നിന്നില്ലെന്ന് മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. പുനർനിർമാണത്തിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി പൊതുവായ ക്ഷേമപ്രവർത്തനങ്ങളെ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ സർക്കാർ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയോഗിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പല വിമർശനങ്ങളും ഉയർന്നു. ഗുണകരമായ കാര്യങ്ങളെ പോലും അംഗീകരിക്കാൻ കഴിയാത്തവിധം നമ്മുടെ മനോഘടന മാറിപ്പോയി. അത് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്ത്രീശക്തി പുരസ്കാരത്തിലൂടെ ഏഷ്യാനെറ്റും ഇത് തന്നെയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.