Asianet News MalayalamAsianet News Malayalam

'കമല ഇന്റര്‍നാഷണല്‍ എന്ന് കേട്ടിട്ടുണ്ടോ, എന്റെ രമ്യഹര്‍മം, പൊന്നാപുരം കോട്ട'; പിണറായി

എന്തെങ്കിലുമൊന്ന് ഉയര്‍ത്തിക്കൊണ്ട് വന്ന് അത് ഭയങ്കര കാര്യമാണെന്ന് പറഞ്ഞ് നമ്മളെയങ്ങ് വല്ലാതെ ആക്കിക്കളയാം എന്ന് ധാരണ വേണ്ട. അത് മാത്രമേ പറയാനുള്ളൂ.
 

Pinarayi vijayan reacts old allegation like Kamala international  againsts him
Author
Thiruvananthapuram, First Published Apr 23, 2020, 7:27 PM IST

തിരുവനന്തപുരം: തനിക്കെതിരെ മുമ്പുണ്ടായ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കമല ഇന്റര്‍നാഷണല്‍, തന്റെ വീട്, മക്കളുടെ വിദ്യാഭ്യാസം, ലാവ്‌ലിന്‍ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിയത്. 

"പിണറായിയുടെ വാക്കുകളില്‍ നിന്ന്: നിങ്ങള്‍ കമല ഇന്റര്‍നാഷലിനെ പറ്റി കേട്ടിട്ടുണ്ടോ. തന്റെ ഭാര്യയുടെ പേരാണ് കമല. അവരുടെ പേരില്‍ വിദേശത്ത് സ്ഥാപനമുണ്ടെന്നായിരുന്നു പ്രചാരണം. പിന്നെ എന്റെ വീട്. അത് വലിയ രമ്യഹര്‍മം, പൊന്നാപുരം കോട്ട, അത് ചിലപ്പോള്‍ നിങ്ങളും കണ്ടിരിക്കും. അങ്ങനെ എന്തെല്ലാം, ഏതെല്ലാം തരത്തില്‍. എന്റെ കുഞ്ഞുങ്ങള്‍ പഠിക്കാന്‍ പോയതിനെപ്പറ്റി വാര്‍ത്തയായിരുന്നു. മകള്‍ കോയമ്പത്തൂരിലെ അമൃതാനന്ദമയിയുടെ ഏതോ കോളേജിലായിരുന്നല്ലോ ചേര്‍ന്നത്. അതിനെപ്പറ്റി വാര്‍ത്തയായിരുന്നു. പക്ഷേ ജോലികിട്ടിയപ്പോ എന്തോ വാര്‍ത്ത വന്നില്ല. ജോലി കിട്ടിയത് ഒറാക്കിളിലായിരുന്നു.

അത് പിണറായി വിജയന്റെ സ്വാധീനം കൊണ്ടാണ് കിട്ടയതെന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് ആ വാര്‍ത്ത വന്നില്ല. പിന്നെ മകന്റെ പഠനം. എന്തെല്ലാം വാര്‍ത്തകളായിരുന്നു, ഏതെല്ലാം തരത്തിലായിരുന്നു. ഏതൊക്കെ തരത്തിലായിരുന്നു തിരിച്ചിട്ടും മറിച്ചിട്ടും. ഇതൊക്കെ നമുക്ക് ഓര്‍മയുള്ളതല്ലേ. ലാവ്‌ലിന്റെ ഭാഗമായിട്ടെന്താണ് നടന്നത്. ഇവര്‍ ഏല്‍പ്പിച്ച വിജിലന്‍സ് അന്വേഷിച്ച് ഇതിനകത്ത് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതിന് ശേഷമാണ് മന്ത്രിസഭയില്‍ കൊണ്ടുപോയി സിബിഐ അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അതല്ലേ വസ്തുത. ഓര്‍മ്മയില്ലേ അതൊന്നും. എന്തെല്ലാം കള്ളത്തെളിവുണ്ടാക്കാനാണ് പിന്നീട് ശ്രമിച്ചത്. കോടതിയില്‍ എന്തെല്ലാം പരിശോധനകളാണ് നടത്തിയത്. അതിന്റെ ഭാഗമായല്ലേ ഇത്തരമൊരു കേസുപോലും നിലനില്‍ക്കില്ലെന്ന് പറഞ്ഞത്. ഞാനതൊന്നും മറന്നുപോയതല്ല.

വെറുതെ എന്തിനാണതെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ എന്നെ വേട്ടയാടുന്നതല്ല. പക്ഷേ അത്തരം ഘട്ടം നേരിടുമ്പോഴും സ്വീകരിച്ച നിലപാടുണ്ട്. അത് നിങ്ങള്‍ക്കുമറിയാം. സമൂഹത്തിനുമറിയാം. അതുകൊണ്ട് എന്തെങ്കിലുമൊന്ന് ഉയര്‍ത്തിക്കൊണ്ട് വന്ന് അത് ഭയങ്കര കാര്യമാണെന്ന് പറഞ്ഞ് നമ്മളെയങ്ങ് വല്ലാതെ ആക്കിക്കളയാം എന്ന് ധാരണ വേണ്ട. അത് മാത്രമേ പറയാനുള്ളൂ'.
 

Follow Us:
Download App:
  • android
  • ios