Asianet News MalayalamAsianet News Malayalam

'അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം'; ജെഎന്‍യുവിലെ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി

ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്‍ദം ഈ നാടിന്റെ ശബ്‍ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതാണെന്നും പിണറായി വിജയന്‍

pinarayi vijayan response in goons attack in jnu campus
Author
Thiruvananthapuram, First Published Jan 6, 2020, 9:06 AM IST

തിരുവനന്തപുരം: ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എബിവിപിക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്‍റെ സ്വഭാവമാർജിച്ചാണ് ക്യാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്.

ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്‍ദം ഈ നാടിന്റെ ശബ്‍ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതാണെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. അതേസമയം, ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് ആവര്‍ത്തിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ആക്രമണത്തിന് പിന്നില്‍ എബിവിപിയെന്ന് ആവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.

പൊലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്. വിസി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.

Follow Us:
Download App:
  • android
  • ios