രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽ കുമാര്‍, സന്ദീപ് എന്നിവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിന് പൊലീസ് ഡ്രൈവർക്കെതിരെ നsപടിയുണ്ടാകും. ഡ്രൈവർ ഷിനോജിൻ്റെ വിശദീകരണം രേഖപ്പെടുത്തും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഔദ്യോഗിക വാഹനത്തിൽ സസ്പെഷനിലുള്ള ഗണ്‍മാൻമാര്‍ യാത്ര ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽ കുമാര്‍, സന്ദീപ് എന്നിവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിന് പൊലീസ് ഡ്രൈവർക്കെതിരെ നsപടിയുണ്ടാകും. ഡ്രൈവർ ഷിനോജിൻ്റെ വിശദീകരണം രേഖപ്പെടുത്തും.

പിണറായി വിജയനൊപ്പം 20 വർഷത്തിലധികമായി ഗണ്‍മാനായി ജോലി ചെയ്തിരുന്ന അനിൽ കുമാർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവർത്തകരെ തല്ലി ചതച്ച കേസിലാണ് സസ്പെൻഷനിലാണ്. ഈ കേസിൽ സന്ദീപും സസ്പെൻഷനിലാണ്. ഈ രണ്ട് പേരുമാണ് പിണറായിയുടെ എസ്കോർട്ട് വാഹനത്തിൽ കഴിഞ്ഞ ദിവസം കറങ്ങിയത്. അനിലും സന്ദീപും ഇന്നലെ പത്തനാപുരത്ത് വാഹനത്തിൽ നിന്നുമിറങ്ങി കരിക്ക് കുടിച്ചപ്പോഴാണ് നാട്ടുകാർ കാണുന്നത്. KL 01 CH 6749 എന്ന നമ്പറിലെ ഇന്നോവാ ക്രിസ്റ്റ കാറാണ് പിണറായി എസ്കോർട്ട് വാഹനമായി അനുവദിച്ചിരിക്കുന്നത്. ഈ കാറിലാണ് സസ്പെൻഷനിലുള്ള പൊലീസുകാർ യാത്ര ചെയ്തത്. വിവരം പുറത്ത് അറിഞ്ഞതിന് പിന്നാലെ അന്വേഷണം തുടങ്ങി. ദുരൂഹമായ യാത്രയെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.

പിണറായിക്ക് എറണാകുളത്ത് ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞാണ് വാഹനം പുറത്തേക്ക് പോയിരിക്കുന്നത്. പിണറായി ട്രെയിനിലെത്തുമ്പോള്‍ അകമ്പടി വാഹനം മുൻകൂട്ടി പോകുന്നുവെന്ന് പറഞ്ഞാണ് പോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവിന് എറണാകുളത്ത് പരിപാടി ഉണ്ടായിരുന്നില്ല. ഔദ്യോഗിക കാറിൽ സസ്പെൻഷനിലുള്ള പൊലീസുകാർ കറങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് പൊലീസ് ഡ്രൈവറാണ്. പൊലീസുകാരുടെ സ്വകാര്യ ആവശ്യത്തിന് വാഹനം ഉപയോഗിച്ചിട്ടുണ്ടോ, പിണറായിയുടെ കോടതി കേസുമായി ബന്ധപ്പെട്ട് ഇവർ യാത്ര ചെയ്തതാണോ എന്നൊക്കെയാണ് അന്വേഷിക്കുന്നത്. സസ്പെൻഷനിലുള്ള പൊലീസുകാർ പിണറായിയുടെ വീട്ടിൽ തുടരുന്നുണ്ട്. ഇതുകൂടാതെയാണ് എസ്കോർട്ട് വാഹനത്തിൽ ആരെയും കൂസാതെയുള്ള കറക്കം.

YouTube video player