തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്റ്ററിലുമാണ് മുഖ്യമന്ത്രി എത്തുക. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് അടക്കം എത്തി വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് പ്രദേശങ്ങളിൽ സന്ദര്‍ശനത്തിന് എത്തുന്നത്. 

രാവിലെ എട്ടുമണിക്കാണ് തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗ്ഗം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. അവിടുന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഹെലികോപ്റ്ററിൽ പോകും. റോഡുമാര്‍ഗ്ഗം ദുരിതബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററിൽ മലപ്പുറത്തെത്തും. അവിടെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദര്‍ശനം.