എറണാകുളം: കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന സർവ്വീസ് ലോക്ക് ഡൗണ്‍ കാരണമാണ് വൈകിയത്. പേട്ട വരെ എത്തുന്നതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായി. നേരത്തെ ഏപ്രിൽ നാലിന് പ്രഖ്യാപിച്ച ഉദ്ഘാടനമാണ് ലോക്ക് ഡൗണ്‍ കാരണം വൈകിയത്. 

അഞ്ച് മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം സർവ്വീസ് തുടങ്ങുന്ന തിങ്കളാഴ്ച തന്നെയാണ് മെട്രോ തൈക്കൂടം പേട്ട റൂട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാത ഉദ്ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷനാകും.

ആലുവ മുതൽ പേട്ട വരെയുള്ള 24.9 കിലോമീറ്റർ പാതയിൽ സർവ്വീസ് തുടങ്ങുന്നതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം,ബ്ലൂ ലൈൻ പൂർത്തിയായി. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ആകും. പേട്ട വരെ ഡിഎംആർസിക്കായിരുന്നു നിർമ്മാണ ചുമതല. പേട്ടയിൽ  നിന്ന് എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള പാതയുടെ നിർമ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആര്‍എല്‍ നേരിട്ടാണ് നടത്തുന്നത്. ഇതിനൊപ്പം കൊച്ചി മെട്രോ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട പാതയ്ക്കായി സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.