കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവക്കുന്നവര്‍ക്കെല്ലൊം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായമെത്തിക്കാന്‍ സര്‍ക്കാരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ശ്രമിക്കുന്നുണ്ട്. സമൂഹ അടുക്കളകളും, ഭക്ഷ്യ കിറ്റ് വിതരണവുമൊക്കെയായി അവരവരുടെ കഴിവനനുസരിച്ചുള്ള കാര്യങ്ങള്‍ പലരും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തുന്നത് പോലെ, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസവേതനക്കാരായ നിര്‍ധനരായ കുടുംബങ്ങള്‍ക്കും പലവഴിയില്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ എടുത്തുപപറയേണ്ട, അത്തരമൊരു സഹായത്തെ കുറിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറയുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍..

ജില്ലയിലെ കായക്കോടിയില്‍ നിന്നാണ് ഹൃദ്യമായ ഒരു സഹായത്തിന്‍റെ വിവരം വന്നത്. രാജസ്ഥാനില്‍ നിന്ന് അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ ദേശ്‍രാജ്. സാമൂഹ അടുക്കളയ്ക്കും, 550 കുടുംബങ്ങള്‍ക്കും  100 അതിഥി തൊഴിലാളികള്‍ക്കും പച്ചക്കറി കിറ്റും ഭക്ഷ്യവസ്തുക്കളും കൈമാറി. മൂന്ന് ദിവസം ഉപയോഗിക്കാനുള്ള അളവില്‍ പച്ചക്കറികളാണ് ഇദ്ദേഹം സാമൂഹ അടുക്കളയ്ക്ക് കൈമാറിയത്. ഇദ്ദേഹം ഗ്രാനൈറ്റ് കച്ചവടക്കാരനാണ്. തന്‍റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ഭാഗം നീക്കിവച്ച്, കേരളം തനിക്ക് നല്‍കിയ സ്നേഹാദരങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു ആ സഹോദരന്‍'- മുഖ്യമന്ത്രി പറഞ്ഞു.