പാലാ: ജോസ് കെ മാണി പക്ഷം കൃത്രിമമാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്‍റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എം അംഗം  ജോസഫ് കണ്ടത്തില്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുമെന്നാണ് ജോസഫ് പറയുന്നത്. അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്‍റെ  പി എ ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകൾ വരണാധികാരിക്ക് നൽകാനാണെന്നും പി ജെ ജോസഫ് പറഞ്ഞു. 

ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമര്‍പ്പിക്കാന്‍ കാരണമെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു. പി ജെ ജോസഫ് പക്ഷം പറഞ്ഞാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൂ എന്നും അദ്ദേഹം പറഞ്ഞു.