Asianet News MalayalamAsianet News Malayalam

അതൃപ്തി അറിയിച്ച് സിഎഫ് തോമസ്: ജോസ് കെ മാണിക്കെതിരായ പ്രസ്താവന തിരുത്തി ജോസഫ്

കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് പിജെ ജോസഫ് തന്‍റെ മുന്‍പ്രസ്താവന തിരുത്തിയത് എന്നാണ് സൂചന.

pj joseph deny the statement which he made earlier against jose k mani
Author
Thodupuzha, First Published Jun 8, 2019, 12:19 PM IST

തൊടുപുഴ: അച്ഛന്‍ മരിച്ചാല്‍ മകനെ ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന മുന്‍പ്രസ്താവന തിരുത്തി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ്. മാണി ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയുടെ ലെഗസി ഇല്ലാതാക്കാന്‍ സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും തന്‍റെവാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും തെടാപുഴയില്‍ മാധ്യമങ്ങളെ കണ്ട പിജെ ജോസഫ് പറ‍ഞ്ഞു. 

ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകന്‍ അല്ല പ്രസിഡന്‍റ ആയത് എന്ന തന്‍റെ വാക്കുകള്‍ അപ്പന്‍ മരിച്ചാല്‍ മകന് സ്ഥാനം കൊടുക്കില്ല എന്ന രീതിയില്‍ മാറ്റി എഴുതിയാണ് പല മാധ്യമങ്ങളും നല്‍കിയത്. അത് വളരെ തെറ്റായിപോയി ഞാന്‍ പറഞ്ഞ പ്രധാന കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ കൊടുത്തില്ല. ജോസ് കെ മാണിയെ അധിക്ഷേപിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചിട്ടില്ല. തന്‍റെ പേരില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകള്‍ കെഎം മാണിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതാണ് - ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് പിജെ ജോസഫ് തന്‍റെ മുന്‍പ്രസ്താവന തിരുത്തിയത് എന്നാണ് സൂചന. അച്ഛൻ മരിച്ചാൽ മകന് സ്ഥാനം നൽകുമോ എന്ന  പി.ജെ ജോസഫിന്റെ പരാമർശമാണ് തോമസിനെ ചൊടിപ്പിച്ചത്. 

പാർലമെന്ററി  പാർട്ടിയോഗമോ, ഹൈപവർ കമ്മിറ്റിയോ വിളിച്ചു ചേർക്കാൻ തയ്യാറാണെന്ന് പിജെ ജോസഫ് അറിയിച്ചിട്ടുണ്ട്. ഇതിൽ സമവായമായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കും. മീറ്റിങ്ങുകളിൽ ജോസ് കെ. മാണി  വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഭൂരിപക്ഷം  ജില്ലാ കമ്മിറ്റികളും സമവായം ആഗ്രഹിക്കുന്നുണ്ടെന്നും  ഇന്നലെ കോട്ടയത്ത്‌ സമവായ ചർച്ച ഔദ്യോയികമായി വിളിച്ചിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. 

ഇന്നലെ രാത്രി കോട്ടയത്ത്പാർലമെന്ററി പാർട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗം വിളിച്ചു കൂട്ടി ഒത്തുതീര്‍പ്പ് ചര്‍കള്‍ക്കുള്ള നീക്കം നടന്നെങ്കിലും  യോഗത്തിൽ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. പി ജെ ജോസഫ് വിഭാഗം മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പി.ജെ ജോസഫ്  കെ എം മാണിയെ അപമാനിച്ചതിനാലാണ് പങ്കെടുക്കാത്തതെന്ന് ജോസ് കെ മാണി വിഭാഗം അനൗദ്യോഗികമായി വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios