ഇടുക്കി: വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ ആയിരിക്കുമെന്ന് പിജെ ജോസഫ്. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കുമെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. കേരളാ കോൺഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു. 

അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വർഷത്തിനുള്ളിൽ യുഡിഎഫ് തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാൻ കാരണമെന്നും പിജെ ജോസഫ് വിശദീകരിച്ചു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു. 

അതേ സമയം പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പിജെ ജോസഫിന്‍റെ  പ്രസ്താവനയോട്   പ്രതികരിക്കാനില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പറഞ്ഞു. പാലാ സീറ്റ് എൻ സി പിയുടേത് തന്നെയാണ്, പിജെ ജോസഫിന്‍റെ  പ്രസ്താവനെയെപ്പറ്റി അറിയില്ലെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്