Asianet News MalayalamAsianet News Malayalam

SPC Uniform : സംഘപരിവാറിനേക്കാള്‍ വലിയ വര്‍ഗ്ഗീയവാദികളാകാനുള്ള ഓട്ടത്തിലാണോ സിപിഎം; പികെ ഫിറോസ്

"മതപരമായ വേഷം അനുവദിക്കാൻ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്" സ്റ്റുഡന്റസ് പൊലീസ് കേഡറ്റിൻറെ വിഷയത്തിൽ സർക്കാർ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല- ഫിറോസ് പറയുന്നു.

Pk Firos against state decision on gender neutral uniform for student police cadet
Author
Malappuram, First Published Jan 28, 2022, 10:07 AM IST

മലപ്പുറം: കേരളാ സ്റ്റുഡന്‍റ്സ് പൊലീസിൽ (Student Police Cadet - SPC) മതപരമായ വേഷം അനുവദിക്കില്ലെന്ന സർക്കാർ നിലപാടിനെ എതിർത്ത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് (PK Firos).  സംഘ് പരിവാറിന്റെ വിഘടന, വർഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാൾ വലിയ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎമ്മെന്ന് ഫിറോസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്‍റെ വിമര്‍ശനം.

പട്ടാളത്തിലും പോലീസിലും സിഖുകാർക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാൻ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. ശബരിമലക്ക് പോകാൻ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാർത്ഥിനിയും ആവശ്യപ്പെട്ടത്. പക്ഷേ, "മതപരമായ വേഷം അനുവദിക്കാൻ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്" സ്റ്റുഡന്റസ് പൊലീസ് കേഡറ്റിൻറെ വിഷയത്തിൽ സർക്കാർ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല- ഫിറോസ് പറയുന്നു.

കേരളാ സ്റ്റുഡന്‍റ്സ് പൊലീസിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന നിലപാടിനെതിരെ എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും രംഗത്ത് വന്നിരുന്നു. മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെയാണ് തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്ന് എന്ന ബാലിശമായ സര്‍ക്കാര്‍ തീരുമാനം. ഇത് മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം  സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്ന് ഫാത്തിമ തഹ്ലിയ കുറ്റപ്പെടുത്തി.

പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പട്ടാളത്തിലും പോലീസിലും സിഖുകാർക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാൻ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാർക്ക് താടിവെക്കാൻ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാൻ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങിനെയാണ് വേണ്ടതും. അതുപോലെ തന്നെയാണ് ആ മുസ്ലിം വിദ്യാർത്ഥിനിയും ആവശ്യപ്പെട്ടത്. 

പക്ഷേ, "മതപരമായ വേഷം അനുവദിക്കാൻ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്" സ്റ്റുഡന്റസ് പൊലീസ് കേഡറ്റിൻറെ വിഷയത്തിൽ സർക്കാർ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘ് പരിവാറിന്റെ വിഘടന, വർഗ്ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാൾ വലിയ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?

മതേതരത്വമെന്തെന്ന് നിർവ്വചിക്കാനുള്ള അധികാരം സിപിഎമ്മിനുണ്ട്. പക്ഷേ ആ നിർവ്വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശി പിടിക്കാൻ പാടില്ല. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കിൽ മാത്രം കൊള്ളുകയും ചെയ്യുന്ന തലശ്ശേരി കുഞ്ഞിരാമൻ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല.

Read More: SPC Uniform : തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്നത് മൗലിക അവകാശ ലംഘനമെന്ന് ഫാത്തിമ തഹ്ലിയ
 

Follow Us:
Download App:
  • android
  • ios