നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പികെ ഫിറോസ്. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ലെന്നും ഫിറോസ്
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പികെ ഫിറോസ് പറഞ്ഞു. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ല. ശ്രദ്ധേയനാകുന്നത് ഇത്തരം പരാമർശങ്ങളിലൂടെയാണ്. മുഖ്യമന്ത്രി പരാമർശത്തിൽ മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പരാമർശങ്ങളുടെ തുടർച്ചയാണിതെന്നും പികെ ഫിറോസ് പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി വിവാദമായ പരാമർശം നടത്തിയത്.
ബ്രഹ്മഗിരിയിൽ നിന്ന് പുറത്തുവന്ന തട്ടിപ്പുകൾ ഞെട്ടിക്കുന്നതാണ്. സിപിഎം നേതാക്കന്മാർ അടിച്ചുമാറ്റിയ പണം നികത്താൻ ബജറ്റിൽ പണം നൽകുകയാണ്. തിരുവനന്തപുരത്ത് സ്വർണ്ണപ്പാളി അടിച്ചുമാറ്റുന്നു. വയനാട്ടിൽ ബാങ്കിൽ നിന്ന് പണം അടിച്ചുമാറ്റുന്ന തിരുട്ട് സംഘം. അടിയന്തരമായി കേസെടുത്ത് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.
വിദശീകരിച്ച് മുഖ്യമന്ത്രി
നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച് മുഖ്യമന്ത്രി വിദശീകരിച്ചിരുന്നു. എട്ടുമുക്കാലട്ടിയെന്നത് നാടൻപ്രയോഗമാണ്. പ്രതിഷേധത്തനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞത്. ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആള്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വർണപ്പാളി വിവാദത്തിൽ ആർക്ക് വീഴ്ചയുണ്ടായെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നത്. പോറ്റിയുടെ വെളിപ്പെടുത്തൽ അതിന്‍റെ ഭാഗമാണ്. അന്വേഷണം ശരിയായി നടക്കട്ടെ. പുറത്ത് നിന്നുള്ളതടക്കം ഇടപെടലുകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ദില്ലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.



