കണ്ണൂർ: കർണാടക അതിർത്തി മണ്ണിട്ടടച്ച സംഭവം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അറിവോടെയല്ലെന്ന് പറഞ്ഞതായി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. യെദ്യൂരപ്പയുമായും പാർട്ടി സംസ്ഥാന അധ്യക്ഷനും എം പിയുമായ നളിൻ കുമാർ കട്ടീലുമായും ചർച്ച നടത്തി. മണ്ണ് മാറ്റി ചരക്ക് വാഹനങ്ങൾക്ക് കേരളത്തിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയതായും കൃഷ്ണദാസ് പറഞ്ഞു. അതേസമയം, കണ്ണൂർ കൂട്ടുപുഴ ചുരത്തിന് മുകളിലുള്ള മുഴുവൻ ചരക്ക് വാഹനങ്ങളും വയനാട് അതിർത്തി വഴി കടത്തിവിട്ടു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കർണാടകം അതിർത്തി മണ്ണിട്ടു മൂടിയത്. കാസർകോടും കണ്ണൂർ കൂട്ടുപുഴയിൽ കേരളാ അതിർത്തിയിലേക്ക് കടന്നുകൊണ്ടുമാണ് കർണാടകം മണ്ണിട്ടത്. തുടർന്ന്, കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും മണ്ണ് മാറ്റാമെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, പിന്നാലെ കർണാടകം നിലപാട് മാറ്റി. മണ്ണ് ഇപ്പോൾ മാറ്റാനാവില്ലെന്ന് അറിയിച്ചു. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. 

കേന്ദ്രനിർദ്ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിർത്തികൾ കർണാടകം മണ്ണിട്ടു മൂടിയത്. ഇതുമൂലം കേരളത്തിലേക്കുള്ള 50 പച്ചക്കറി ലോറികളാണ് അതിർത്തിയിൽ കുടുങ്ങിപ്പോയത്. കൂർഗിലേക്കുള്ള വഴി പൂർണായും അടച്ചിട്ടിരിക്കുകയാണ്. 

Read Also: മുഖ്യമന്ത്രി ഇടപെട്ടിട്ടും അതിര്‍ത്തി അടച്ച് മൂടി കര്‍ണാടക; പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന് കേരളം