യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കോൺഗ്രസിന് എല്ലാ പിന്തുണയും ലീഗ് നൽകിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. കണക്ക് കൂട്ടി തന്നെയാണ് യുഡിഎഫിന്റെ വിശ്വാസം. കോൺഗ്രസിന് എല്ലാ പിന്തുണയും ലീഗ് നൽകി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. ഒരിക്കലും മുന്നണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യില്ലെന്നും കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്. സി എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

