കോവിഡ് സാഹചര്യമാണ് എൽഡിഎഫിന് തുടർഭരണം ഒരുക്കിയതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എൽഡിഎഫിന് ജനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും അത് പരസ്യ ബോർഡുകളിൽ ഒതുങ്ങുന്നുവെന്നും സാദിഖലി തങ്ങളും വിമർശിച്ചു.

കോഴിക്കോട്: കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ്. എൽഡിഎഫ് കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ മടിയായിരുന്നു. പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ജനങ്ങളോട് എൽഡിഎഫ് ബന്ധം സ്ഥാപിക്കുന്നത് പരസ്യ ബോർഡുകളിൽ മാത്രമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. എൽ‍ഡിഎഫിന് ജനങ്ങളോട് നേരിട്ട് ബന്ധം ഇല്ല. ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതാണ് യുഡിഎഫിന്‍റെ പരസ്യം. ജനം യുഡിഎഫിന് വേണ്ടി കാത്തിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

പുനലൂരിൽ കോൺഗ്രസിനും ലീഗിനും ആശ്വാസം

അതേസമയം, പുനലൂരിൽ വിമതനായി മത്സരിക്കാൻ ഇല്ലെന്ന് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ പ്രഖ്യാപിച്ചതോടെ കോൺഗ്രസിനും ലീഗിനും ആശ്വാസമായി. കെ സി വേണു​ഗോപാൽ നേരിട്ട് സംസാരിച്ചുവെന്നും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. പുനലൂരിൽ കോൺഗ്രസ് വിമതനെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും നാമനിർദ്ദേശ പത്രിക നൽകുമെന്നുമായിരുന്നു നിലപാട്.

അനുനയ നീക്കങ്ങൾക്ക് നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും സഞ്ജയ് ഖാൻ നിലപാട് മാറ്റിയിരുന്നില്ല. ഇപ്പോൾ കെസി വേണുഗോപാൽ നേരിട്ട് സംസാരിച്ചതിനെ തുടർന്നാണ് വിമതനായി മത്സരിക്കാൻ ഇല്ലെന്ന തീരുമാനത്തിലേക്ക് സഞ്ജയ് ഖാൻ എത്തിയിരിക്കുന്നത്. ഇന്ന് പത്രിക നൽകാനിരുന്നതാണ്. ലീഗിന് ആണ് യുഡിഎഫിൽ സീറ്റ് നൽകിയതെന്നും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി.

പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയതിന് പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെ വിമതനെ പിൻവലിച്ചു. ഈ തീരുമാനം കഴിഞ്ഞ ദിവസം വലിയ നാടകീയതകൾക്ക് വഴിവെച്ചിരുന്നു. ലീഗിന് വഴങ്ങിയുള്ള നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് സഞ്ജയ് ഖാൻ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.