കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപിക്കാൻ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി തീരുമാനിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. കുഞ്ഞാലിക്കുട്ടി ഇതുവരെ വഹിച്ചു വന്നിരുന്ന ദേശീയസമിതിയുടെ ചുമതല ഇടിമുഹമ്മദ് ബഷീറിന് കൈമാറാനും ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.

മുതിർന്ന നേതാവ് ഇ.അഹമ്മദ് അന്തരിച്ചതിനെത്തുടർന്ന് നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എംപിയായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്തിയത്. പാർട്ടിയുടെ ദേശീയജനറൽസെക്രട്ടറി സ്ഥാനമേറ്റെടുത്ത് ദേശീയരാഷ്ട്രീയത്തിലേക്കും അദ്ദേഹം തട്ടകം മാറ്റി.  2014-ലെ പൊതുതെരഞ്ഞെടുപ്പിൽ യുപിഎ മുന്നണിയ്ക്ക് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടിയെ കേന്ദ്രമന്ത്രിയാക്കാം എന്നായിരുന്നു ലീഗിന്റെ ആലോചന. അതുണ്ടാകാതെ വന്നതോടെ കേരളത്തിലെക്ക് തന്നെ കളം മാറാൻ ആലോചിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

തദ്ദേശഭരണ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് ഉന്നതാധികാരസമതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയത്. ഫലത്തിൽ പാർട്ടിയിൽ  അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന്റെ നിയന്ത്രണവും കുഞ്ഞാലിക്കുട്ടിക്കായിരിക്കും. വെൽഫയർപാർട്ടിയുമായുള്ള സഖ്യമടക്കം ആസൂത്രണം ചെയ്ത്  തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗിനെ ഒരുക്കിയ കുഞ്ഞാലിക്കുട്ടി ഇനി പൂർണ്ണമായും കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് മൽസരിച്ചേക്കും എന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ലീഗ് രാഷ്ട്രീയത്തിലെ സ്വാധീനകേന്ദ്രമാക്കി  അദ്ദേഹത്തെ വീണ്ടും മാറ്റും. യുഡിഎഫിലെ സമവാക്യങ്ങളിലും അദ്ദേഹം സ്വാധീനം ചെലുത്തും. അതേറ്റവും പ്രകടമാക്കുക ഘടകകക്ഷിയായ കോൺ​ഗ്രസിൽ തന്നെയായിരിക്കും. എല്ലാ താത്പര്യത്തിനും അപ്പുറം പ്രായോ​ഗിക രാഷ്ട്രീയത്തിൽ പികെ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള മിടുക്കാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരാൻ മുസ്ലീംലീ​ഗിന് പ്രധാന കാരണമായി മാറിയത്.