തിരുവനന്തപുരം: വിവേചനങ്ങളില്ലാത്ത മതേതര സ്ഥലമായിരുന്നു സിനിമ എന്നും കേരളത്തിന്റെ ആധുനികത്വം രുപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണെന്നും പ്രശസ്ത സാഹിത്യ വിമര്‍ശകനായ  പികെ രാജശേഖരന്‍. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും സിനിമാ തിയേറ്ററുകള്‍ സാമുഹ്യ ഇടമായിരുന്നു എന്നും അദ്ദേഹം പറ‍ഞ്ഞു. 

ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന സ്‌പേസസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദത്തിന്റെ സാമുഹ്യശാസ്ത്രം എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ മാറിവരുന്ന സിനിമാ സംസ്‌കാരത്തെപ്പറ്റി ബീനാ പോള്‍, പികെ രാജശേഖരന്‍, മധുപാല്‍ എന്നിവര്‍ സംവദിച്ചു.

മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ മധുപാല്‍ തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നോടൊപ്പം മാറിവരുന്ന സംസ്‌കാരങ്ങളെപ്പറ്റിയും നഷ്ടപ്പെടലുകളെപ്പറ്റിയും ഓര്‍മപ്പെടുത്തി. ജനങ്ങളില്‍ അഭിപ്രായ നിര്‍മാണത്തിനും സമൂഹകുട്ടായ്മയ്ക്കുമുള്ള ഒരു പൊതു ഇടമാവണം സിനിമാ തിയേറ്ററുകള്‍ എന്ന പ്രദീപ് പനങ്ങാടിന്റെ വാക്കുകളോടെ ചര്‍ച്ച അവസാനിച്ചു. പികെ രാജശേഖരന്റെ 'സിനിമാ സന്ദര്‍ഭങ്ങള്‍' എന്ന പുസ്തകം മധുപാല്‍ ബീന പോളിന് നല്‍കി പ്രകാശനം ചെയ്തു.