തിരുവനന്തപുരം: കളയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ളവരെയാണ് കേരള പൊലീസ് പിടികൂടിയത്.  തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇന്ന് പിടിയിലായ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവരാണ് പിടിയിലായത്. കേരള- തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയാണ്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‍നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. ദേശീയ രഹസ്യാന്വേഷണ സംഘവും, തമിഴ്നാട് ക്യൂബ്രാഞ്ചും, കേരള തീവ്രവാദ വിരുദ്ധ സ്വക്വാഡും അതിർത്തിയിൽ വീണ്ടും യോഗം ചേർന്ന് അന്വേഷണം ശക്തമാക്കി. തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ കേസ് എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. ബുധനാഴ്‍ച രാത്രിയാണ് എഎസ്ഐ വിത്സന്‍ വെടിയേറ്റ് മരിക്കുന്നത്.  പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമാകം കൊലപാതകമെന്നാണ് നിഗമനം. മുഖ്യമപ്രതികളായ തൗഫീക്കും അബ്ദുൾ ഷെമീമും ഇപ്പോൾ ഒളിവിലാണ്.