Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് നിരോധനം ബിവറേജസ് കോര്‍പറേഷന് വെല്ലുവിളി; അധിക ബാധ്യത ഉപഭോക്താവിനോ?

മദ്യവില്‍പ്പനയിലൂടെ ശരാശരി 9 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ബിവറേജസ് കോര്‍പ്പറേഷനിലൂടെ പ്രതിദിനം പുറത്ത് വരുന്നത്.

Plastic ban Challenges to Beverages Corporation
Author
Thiruvananthapuram, First Published Jan 8, 2020, 9:24 PM IST

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം ബിവറേജസ് കോര്‍പറേഷന് വെല്ലുവിളിയാകുന്നു. കാലിയായ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ കൈമാറാന്‍ ക്ലീന്‍ കേരളയുമായി ധാരണയായെങ്കിലും ഇതിനുള്ള പണം ആരില്‍ നിന്ന് ഈടാക്കണമെന്നതില്‍ തീരുമാനമായില്ല. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കേണ്ടി വരുമെന്ന് ക്ലീന്‍ കേരള സൂചന നൽകി. 

മദ്യവില്‍പ്പനയിലൂടെ ശരാശരി 9 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ബിവറേജസ് കോര്‍പ്പറേഷനിലൂടെ പ്രതിദിനം പുറത്ത് വരുന്നത്. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ബവ്കോ, ക്ലീന്‍ കേരളയുമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലായി താത്കാലിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികള്‍ കൈമാറുമ്പോള്‍ ക്ലീന്‍ കേരളക്ക് 7.50 രൂപ നല്‍കാം എന്നാണ് വ്യവസ്ഥ. ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ റീ സൈക്ലിംഗ് ഏജന്‍സികള്‍ക്കു കൈമാറാനാണ് ക്ലീന്‍ കേരളയുടെ തീരുമാനം. വിപണിയിലെ സാഹചര്യമനുസരിച്ച് ബെവ്കോ കൂടുതല്‍ തുക ക്ലീന്‍ കേരളക്ക് നല്‍കേണ്ടി വന്നേക്കും

ക്ലീന്‍ കേരളയും ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ മൂന്നുമാസത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍റെ സാമ്പത്തിക ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കിയാല്‍ മദ്യ വില കൂടും. വിതരണ കമ്പനികളില്‍നിന്ന് ചുരുങ്ങിയ വിലക്കാണ് മദ്യം വാങ്ങുന്നത്.അതിനാല്‍ അവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നതും പ്രായോഗികമല്ല. പ്ലാസ്റ്റിക് കൂപ്പി ശേഖരണം വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ 
തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

Follow Us:
Download App:
  • android
  • ios