ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ബിനീഷിന്‍റെ അഭിഭാഷകരുടെ വാദം പൂർത്തിയായ ഹർജിയിൽ ഇഡിയുടെ വാദമാണ് തുടരുന്നത്. ഇഡി കേസ് നിലനില്‍ക്കില്ലെന്ന് കാട്ടിയുള്ള ബിനീഷിന്‍റെ ഹർജി ബെംഗളൂരു സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് രേഖകൾ സമർപ്പിച്ചിട്ടും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും , ഇത് നിയമവിരുദ്ദമാണെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന ഇഡി നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായടക്കം ബിനീഷ് കഴിഞ്ഞ വർഷങ്ങളില്‍ നടത്തിയ 5.17 കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകളില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ബിനീഷ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടുള്ളുവെന്നാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ബാക്കി മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡിയുടെ വാദം. പ്രതിയെ ഇപ്പോൾ ജാമ്യത്തില്‍ വിട്ടാല്‍  കേസിലെ സാക്ഷികളെയും ബിനാമികളെയും സ്വാധീനിക്കാനിടയുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ വാദിച്ചു.