വട്ടിയൂർക്കാവ് നെട്ടയത്തെ സ്കൂളിൻ്റെ ബസ് മലമുകളിലെത്തിയപ്പോൾ യാത്രക്കാരനായ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാ‍ർത്ഥി കുത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ബസിനുള്ളിൽ വെച്ച് ആക്രമണം നടത്തിയത്. വീടുകളിലേക്ക് കുട്ടികളെ വിടാൻ പോയ ബസിൽ ആയക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.

പരുക്കേറ്റ കുട്ടിയെ ഉടനെ പൂജപ്പുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡ‍ിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് കുട്ടിയുടെ ജീവന് ഭീഷണിയാവുന്നതല്ലെന്നാണ് വിവരം. 

YouTube video player