തിരൂർ: മലപ്പുറം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയതായി പരാതി. പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനത്തിൽ അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു.

ഷർട്ട് ഇൻ ചെയ്തതും താടിവളർത്തിയതും ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സ്കൂളിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നും അധ്യാപകർ നടപടിയെടുക്കാറില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. അതേസമയം, പ്രാഥമിക അന്വേഷണത്തിൽ കുറ്റം ചെയ്തെന്ന് കണ്ടെത്തിയാൽ കേസ് പൊലീസിന് കൈമാറുമെന്നും കർശന നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.