കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സില്‍ മലയാളത്തിൽ തന്നെ കുറിച്ചു
ദില്ലി: കേരളത്തില്‍ എത്തിയപ്പോള്‍ ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സില്‍ മലയാളത്തിൽ തന്നെ കുറിച്ചു. രണ്ട് വർഷം മുമ്പ് സുഹൃത്തായ സുരേഷ് ഗോപി ജയലക്ഷ്മി വളർത്തിയ ഒരു പേരത്തൈ തനിക്ക് തന്നു.
ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മോദി കുറിച്ചു. 2021ലാണ് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം സുരേഷ് ഗോപി പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചത്. പത്താപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്‍മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ സുരേഷ് ഗോപിക്ക് നല്‍കിയത്.
ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് താന്‍ പാലിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം സുരേഷ് ഗോപി അന്ന് അറിയിച്ചിരുന്നു. "പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്‍മി നല്‍കിയ പേരത്തൈ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്‍റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്‍റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്‍റെ ഔദ്യോഗിക ബംഗ്ലാവിന്‍റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്‍റെ തൈ എന്‍റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്‍റെ സന്ദേശം", സുരേഷ് ഗോപി അന്ന് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
ഏഷ്യയിലെ ഏക ഗുഹാവാസികൾ; മാതനും കാടനും കാടിറങ്ങി അമരമ്പലത്ത് എത്തിയതിന് പിന്നിൽ കാരണമുണ്ട്!
