പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ലഭിക്കേണ്ട തുക വൈകിയതോടെ ഇടുക്കിയിൽ കുടുംബം താമസിക്കുന്നത് തൊഴുത്തിൽ

ഇടുക്കി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അനുവദിച്ച വീടിന് കിട്ടേണ്ട ഗഡുക്കൾ മുടങ്ങിയതോടെ എട്ടു മാസമായി നിർധന കുടുംബം താമസിക്കുന്നത് കാലിത്തൊഴുത്തിൽ. ഇടുക്കി ചക്കുപള്ളം പഞ്ചായത്തിലെ വലിയപാറ കുമ്പപ്പള്ളി അഗസ്റ്റിൻ ജോസഫിനും കുടുംബത്തിനുമാണ് ഈ ദുർഗ്ഗതി.

എട്ടു മാസം മുൻപാണ് അഗസ്റ്റിനും ഭാര്യയ്ക്കും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ആദ്യ ഗഡുവായി 48000 കിട്ടി. ഇതോടെ ഉണ്ടായിരുന്ന കൂര പൊളിച്ചു. സമീപത്ത് ഒഴിഞ്ഞു കിടന്ന കാലിത്തൊഴുത്ത് വീടാക്കി മാറ്റി. തറ കെട്ടിയതിന് ശേഷം അടുത്ത ഗഡു ലഭിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഒരു രൂപ പോലും കിട്ടിയില്ല.

ഉടൻ തുക ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങി വീട് പണിയുമായി മുന്നോട്ട് പോയി. ഇപ്പോൾ കടം വാങ്ങിയ പണം തിരികെ കൊടുക്കാനും വീണ്ടും കടം വാങ്ങി പണി പൂർത്തിയാക്കാനും പറ്റാതെ ചോർന്നൊലിക്കുന്ന കാലിത്തൊഴുത്തിൽ പേടിച്ച് കഴിയുകയാണ് കുടുംബം.

ഇവരെപ്പോലെ പതിനായിരക്കണക്കിനു പേരാണ് സംസ്ഥാനത്ത് രണ്ടാം ഗഡു തുക കിട്ടാതെ വിഷമിക്കുന്നത്. ആകെ അനുവദിക്കുന്ന നാല് ലക്ഷം രൂപയിൽ സംസ്ഥാന സർക്കാർ വിഹിതമായ 48000 രൂപ മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. ബാക്കി 72000 രൂപ കേന്ദ്രസർക്കാരും 98,000 രൂപ ജില്ല പഞ്ചായത്തും 1.12 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും 70,000 രൂപ ഗ്രാമ പഞ്ചായത്തുമാണ് അനുവദിക്കേണ്ടത്. 1,94,000 വീടുകൾക്കാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഓരോ പഞ്ചായത്തിലും അനുവദിച്ച വീടുകൾക്കുള്ള കോടിക്കണക്കിനു രൂപ മാറ്റി വയ്ക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് ഫണ്ടില്ലാത്തതാണ് പ്രധാന പ്രതിസന്ധി.

YouTube video player