നമ്മുടെ സങ്കൽപങ്ങളിൽ ഉള്ള വീട് വിഭാവന ചെയ്യുന്നതിന് മുൻപ് അതിന് അനുയോജ്യമായ ഒരു സ്ഥലം (plot) കണ്ടെത്തണം. കിഴക്കോട്ട് ചെരിവുള്ള സ്ഥലം ആണെങ്കിൽ രാവിലെ ഉള്ള സൂര്യപ്രകാശം യഥേഷ്ടം ലഭിക്കും.

കേരളത്തിന് തനതായ ഒരു വ്യക്തിത്വമുണ്ട്. ഒരു സാംസ്‌കാരിക പൈതൃകമുണ്ട്. നൂറ്റാണ്ടുകളായി തലമുറകളിലൂടെ കൈമാറി വന്ന കെട്ടിടനിർമ്മാണ വൈദഗ്ധ്യങ്ങളും കൈമുതലായി ഉണ്ട്. പിൻബലത്തോടെ ഏതൊരു ആധുനിക ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യയും സ്വായത്തമായിട്ടുള്ള ഈ കാലഘട്ടത്തിൽ ഒരു വീട് ഡിസൈൻ ചെയ്‌ത്‌ നിർമ്മിക്കുക എന്നുള്ളത് ഒരു ആർക്കിടെക്റ്റിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. 

എങ്കിലും ആ വീടിനുള്ളിൽ താമസിക്കാൻ പോകുന്ന വ്യക്തി അല്ലെങ്കിൽ ആ കുടുംബത്തിൻ്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രകൃതിയുടെ വരദാനമായ കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കുന്ന രീതിയിൽ ആ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും മതവിശ്വാസങ്ങളും, പരിസ്ഥിതി സൗഹാർദമായ സവിശേഷതകളും കണക്കിലെടുത്തുകൊണ്ട് ഒരു വീട് വയ്ക്കുക എന്നുള്ളത് ഒരു ആർക്കിടെക്റ്റിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്.

നമ്മുടെ സങ്കൽപങ്ങളിൽ ഉള്ള വീട് വിഭാവന ചെയ്യുന്നതിന് മുൻപ് അതിന് അനുയോജ്യമായ ഒരു സ്ഥലം (plot) കണ്ടെത്തണം. കിഴക്കോട്ട് ചെരിവുള്ള സ്ഥലം ആണെങ്കിൽ രാവിലെ ഉള്ള സൂര്യപ്രകാശം യഥേഷ്ടം ലഭിക്കും. മണ്ണിൻ്റെ ഘടന, ശുദ്ധ ജല സ്രോതസ്സ്, അടുത്ത വീടുകളിലെ കിണർ, സെപ്റ്റിക് ടാങ്ക് മുതലായവയുടെ സ്ഥാനം എന്നിവ മനസ്സിലാക്കുന്നത് നല്ലതാണ്.

അപ്പ്രോച്ച് റോഡ് 4.0 മീറ്റർ എങ്കിലും വീതി ഉണ്ടെങ്കിൽ വാഹനഗതാഗതം സുഖമായി നടക്കും. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി / വാട്ടർ സപ്ലൈ [KSEB / KWA] ലഭ്യമാണോ എന്ന് ഉറപ്പ് വരുത്തണം. ഒരു വീട് പണിയുന്നതിന് പ്രധാനമായും മൂന്ന് ഘടകങ്ങൾ ആണ് ഉള്ളത്.

1. ആസൂത്രണവും സർക്കാർ അംഗീകാരവും (Planning and Govt. Approval )

ആവശ്യങ്ങൾക്കും സാമ്പത്തിക ലഭ്യതയ്ക്കും അനുയോജ്യമായ രീതിയിൽ വീട് വിഭാവനം ചെയ്യുന്നതാണ് അഭികാമ്യം. പ്ലോട്ടിന്റെ മുതൽ മുടക്ക് മുതൽ കോമ്പൗണ്ട് വാൾ ഗേറ്റ് എന്നിവ വെച്ച് വീട് സുരക്ഷിതമാക്കുന്നത് വരെയുള്ള ചിലവുകളെ പറ്റിയുള്ള ഏകദേശം ധാരണ മനസ്സിൽ വേണം.

സൗന്ദര്യവും സൗകര്യവും [Beauty and Utility] ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൈൻഡ്‌സെറ്റുമായി വേണം ഒരു വീട് രൂപകൽപന ചെയ്യുവാൻ ആർക്കിടെക്റ്റിനെ സമീപിക്കേണ്ടത്. മൊത്തത്തിൽ ചിലവാക്കാൻ ഉദ്ധേശിക്കുന്ന പണത്തിന്റെ മൂന്നിൽ ഒരു ഭാഗമെങ്കിലും കൈയിൽ കരുതിയിട്ട് വേണം വീട് പണിക്ക് ഇറങ്ങി തിരിക്കുവാൻ. ബാക്കിയുള്ള പണം ഹൗസിങ്ങ് ലോൺ ആയോ മാതാപിതാക്കളുടെ സംഭാവന ആയും മറ്റു വരുമാനമാർഗങ്ങളിലൂടെയും കാലക്രമേണ ലഭിക്കുവാനുള്ള സാദ്ധ്യതയുണ്ട്.

ഗവൺമെന്റ് അനുശാസിക്കുന്ന [Building Permit Rules] /Tax classification based on sqft. എന്നിവ വ്യക്തമായി മനസ്സിലാക്കിയിട്ട് വേണം വീട് ഡിസൈൻ ചെയ്യുവാൻ.

2. പദ്ധതി സ്ഥലത്ത് നടപ്പിലാക്കൽ (Execution at Site)

സർക്കാർ അംഗീകാരം ലഭിച്ചതിന് ശേഷം വേണം നിർമ്മാണ പ്രവൃത്തികൾ തുടങ്ങുവാൻ അല്ലെങ്കിൽ ഭീമമായ പിഴ അടക്കേണ്ടി വരും. മതവിശ്വാസങ്ങൾ കണക്കിലെടുത്ത് ഭൂമി പൂജയും മറ്റും ചെയ്യുന്നത് അഭിലഷണീയമാണ്. എത്ര ജോലിതിരക്കുണ്ടെങ്കിലും കോൺട്രാക്ടറുടേയും പണിക്കാരുടേയും കൂടെ കുറച്ച് സമയമെങ്കിലും മിക്കദിവസവും ചിലവഴിച്ച് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് കാണുന്നത് നിജസ്ഥിതി മനസ്സിലാക്കാൻ സഹായിക്കും. നിർമ്മാണ സാമഗ്രികൾ ആയ സിമൻ്റ്, സ്റ്റീൽ എന്നിവ ഗുണനി ലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തുകയും അവ ഈർപ്പം തട്ടാതെ സൂക്ഷിക്കുവാനും സൈറ്റിൽ ശ്രദ്ധിക്കണം. 

പ്രധാനപ്പെട്ട concrete construction ജോലികൾ നടക്കുന്ന ദിവസങ്ങളിൽ വീടിന്റെ ഉടമസ്ഥന്റെ സാന്നിദ്യം വളരെ ഗുണം ചെയ്യും. ഒരു book of accounts ഉണ്ടെങ്കിൽ ചിലവാക്കിയ പണത്തിൽ പാഴ്‌ചിലവുകൾ വന്നിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കാൻ സഹായിക്കും. സിമന്റ് വച്ചുള്ള പ്രവൃത്തികൾ ആയ masonry work, RCC work, plastering എന്നിവയ്ക്ക് ആവശ്യമായ curing ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. [Prevention is better than cure]

3. സർക്കാരിൽ നിന്നുള്ള ഫിനിഷിംഗ് ആൻഡ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് (Finishing and Completion Certificate from Govt)

കെട്ടിടനിർമ്മാണത്തിലെ നല്ലൊരു ശതമാനം സംഖ്യയും ചിലവാകുന്നത് ഫിനിഷിങ്ങ് സ്റ്റേജിൽ ആണ്. ആർഭാടത്തേക്കാൾ ഉപയോഗവും കാര്യക്ഷമതയും ഉള്ള മെറ്റീരിയൽസ്/ ഗാഡ്ജറ്റ്‌സ്‌ ഫിനിഷിങ്ങിനായി തിരഞ്ഞെടുക്കണം. പ്ലാസ്റ്ററിങ്ങ് കഴിയുന്നതും ഒഴിവാക്കി ഇഷ്ടിക, ചെങ്കല്ല് തുടങ്ങിയ സാമഗ്രികളുടെ സവിശേഷത [Porosity] ഗുണമേൻമ നിലനിർത്തിയാൽ കാഴ്ച ഭംഗിയും ഊഷ്‌മളമായ അന്തരീക്ഷവും വീടിനുള്ളിൽ ലഭിക്കും. ജനലുകളും വാതിലുകളും ക്രമീകരിക്കുമ്പോൾ സൂര്യപ്രകാശവും വായുസഞ്ചാരവും [Cross ventilation] ലഭിക്കുന്ന രീതിയിൽ വേണം നൽകാൻ. 

വാട്ടർ പ്രൂഫിങ് ചെയ്യേണ്ട സ്ഥലങ്ങളിൽ നിർബന്ധമായും അത് ചെയ്യേണ്ടതാണ് അല്ലെങ്കിൽ കാലക്രമേണ ഗുരുതരമായ ഭവിഷത്തുകൾ സംഭവിച്ചേക്കാം. ഒരു വീടിനുള്ളിൽ നല്ല രീതിയിൽ താമസിക്കുവാൻ ഗുണമേൻമയേറിയ Electrical /Plumbing and Sanitary Work വളരെ മികവോടെ ചെയ്യണം. KSEB / KWA യുടെ മാർഗ്ഗ നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മീറ്റർ റീഡിങ്ങിൽ വരുന്ന പാഴ്‌ചിലവ് / Solar Energy യുടെ ഉപയോഗം എന്നിവ ക്രമീകരിക്കാൻ സാധിക്കും. Biogas plant / Fire Fighting Equipments 2 Building Permit Rule ൽ അനുശാസിക്കുന്ന വീടുകൾക്ക് നൽകേണ്ടതാണ്.

കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ച് [6 മാസം മഴയും 6 മാസം വെയിലും] വേണം റൂഫിങ്ങ് തിരഞ്ഞെടുക്കാൻ. വീട് പണി എല്ലാ രീതിയിലും പൂർത്തിയാക്കി വാസയോഗ്യമായതിന് ശേഷം കംപ്ലീഷൻ സർട്ടിഫിക്കറ്റിന് വേണ്ടി ആർക്കിടെക്ക്റ്റ് / എഞ്ചിനീയർ മുഖേന അപേക്ഷിക്കേണ്ടതാണ്. ബിൽഡിങ് പെർമിറ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് കെട്ടിടം പണി തീർന്നില്ലെങ്കിൽ അവ വീണ്ടും അപേക്ഷിച്ച് പുതുക്കി എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗ്രേസ് (Grace) പിരീഡിനുള്ളിൽ പുതുക്കണം ഇല്ലെങ്കിൽ നല്ലൊരു സംഖ്യ പിഴ നൽകേണ്ടി വരും. സമയ നഷ്‌ടവും പാഴ്ചിലവിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടെങ്കിൽ ഇത് മുൻകൂട്ടി നിയന്ത്രിക്കാൻ സാധിക്കും.