Asianet News MalayalamAsianet News Malayalam

13-കാരിയെ പീഡിപ്പിച്ച പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിന്‍ ജോസഫ് ഐപിഎസ്; അര്‍ധരാത്രിയോടെ കേരളത്തിലെത്തിക്കും

പതിമൂന്നുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയെ സൗദിയിലെത്തി കേരളാ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. 

Pocso case accused under custody in riyadh by merin joseph ips
Author
Kerala, First Published Jul 16, 2019, 6:16 PM IST

റിയാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയെ സൗദിയിലെത്തി കേരളാ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതി സുനില്‍കുമാര്‍ ഭദ്രനെയാണ് റിയാദിലെത്തി മെറിന്‍ ജോസഫ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അര്‍ധരാത്രി 12 മണിയോടെ കേരളത്തിലെത്തിക്കുമെന്നും മെറിന്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാറുണ്ടാക്കിയതിന് ശേഷം ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.  കൊല്ലം കമ്മീഷണര്‍ കൂടിയ മെറിനൊപ്പം കൊല്ലം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണര്‍ എം അനില്‍ കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരും സംഘത്തിലുണ്ട്.

ഐജിപി ക്രൈം  വഴി സബിഐക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചു. സിബിഐ ഇത് ഇന്‍റര്‍പോളിന് കൈമാറുകയും ഇന്‍റര്‍പോള്‍ അധികൃതര്‍ ഇയാളെ സൗദിയില്‍ കണ്ടെത്തുകയുമായിരുന്നുവെന്നും പ്രതിയെ കൈമാറിയതായും മെറിന്‍ ജോസഫ് പറഞ്ഞു. ഇയാളെ റിയാദിലെ ജയിലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പ്രതിയെ കേരളത്തിലെത്തിച്ച് നടപടിക്രമങ്ങള്‍ ‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ വ്യക്തമാക്കി.

സൗദിയില്‍ ജോലി ചെയ്തിരുന്ന സുനില്‍ 2017ല്‍ അവധിക്കെത്തിയപ്പോഴായിരുന്നു പട്ടികജാതി വിഭാഗത്തില്‍ പെട്ട 13കാരിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പിതൃസഹോദരന്‍റെ  സുഹൃത്തായിരുന്നു സുനില്‍. പെണ്‍കുട്ടി പീഡനത്തിരയായ വിവരം സ്കൂളില്‍ അധ്യാപകിയാണ് കണ്ടെത്തിയത്. ചൈല്‍ഡ് ലൈനിന് വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇയാള്‍ അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നെങ്കിലും ഇവിടെവച്ച് പെണ്‍കുട്ടിയും അന്തേവാസിയായിരുന്ന മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.  2010ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍റെ കാലത്താണ് ഇന്ത്യയും സൗദിയും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാറുണ്ടാക്കിയത്. സൗദിയുമായി നടക്കുന്ന കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടക്കുന്ന ദൗത്യമെന്ന പ്രത്യകതയാണ് ഈ നീക്കത്തെ ശ്രദ്ധേയമാക്കുന്നത്.

Follow Us:
Download App:
  • android
  • ios