മരണത്തിന് പിറകെ ഇരട്ട സഹോദരിയിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു.
കൊച്ചി: വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം (Murder) എന്ന സംശയത്തിൽ അന്വേഷണം സഹോദരിയിലേക്ക്. മരിച്ചത് കുടുംബത്തിലെ മൂത്ത പെൺകുട്ടി വിസ്മയ എന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും സ്ഥിരീകരിക്കാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തും. സംഭവ ശേഷം ഓടി പോകുന്ന സഹോദരി ജിത്തുവിനെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വടക്കൻ പറവൂർ പെരുവാരം പ്രസാദത്തിൽ ശിവാനന്ദൻ വീട്ടിൽ ഇന്നലെ വൈകിട്ടോടെയാണ് മക്കളിൽ ഒരാളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണത്തിന് പിറകെ ഇരട്ട സഹോദരികളിൽ ഒരാൾ അപ്രത്യക്ഷയായത് മരണത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനായില്ല. മൃതദേത്തിലുണ്ടായിരുന്ന മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തും. സംഭവ ശേഷം കാണാതായ സഹോദരി ജിത്തുവിനെ പൊലീസ് തിരയുകയാണ്. ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
വിസ്മയയുടെ മൊബൈൽ ഫോണുമായാണ് ജിത്തു ഓടിപ്പോയത്. ഇതിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ജിത്തുവിനെ പ്രണയത്തെ വിസ്മയ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിസ്മയ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത് ആകാം എന്ന നിഗമനത്തിലാണ് പൊലീസ്. മാനസികാസ്വാസ്ഥ്യത്തിന് ജിത്തു ചികിത്സ തേടിയതിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാരും ഉറപ്പിക്കുന്നു.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ , ജിത്തു എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ജിത്തു രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് സംഭവം. 12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കിയിരുന്നു. മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
പൊലീസ് എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചിരുന്നു. അതിൽ ഒന്നിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിൽക്കൽ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്. മത്സ്യ വിൽപ്പനക്കാരനാണ് ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂർത്തിയാക്കിയിട്ടുണ്ട്.
ജിത്തുവിനെ ആൺ സുഹൃത്തിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ കുറേ കാലമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് സുഹൃത്ത് നൽകിയ മൊഴി. മൊബൈൽ കോൾലിസ്റ്റ് പരിശോധിച്ചതിൽ നിന്നും പൊലീസിനും ഇത് ഉറപ്പായിട്ടുണ്ട്.
