കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആണ് ജോളിയെ അജ്ഞാതനായ യുവാവ് സ്പര്‍ശിക്കാന്‍ ശ്രമിച്ചത്.

ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച ഇയാളെ പൊലീസ് ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടി. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷോള്‍ നീക്കം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് അകമ്പടി സേവിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.