ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുട്ടജോസ് എന്നറിയപ്പെടുന്ന കൊല്ലം മങ്ങാട് സ്വദേശി ജോസ് (50) പൊലീസിന്‍റെ പിടിയിലായി

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുട്ടജോസ് എന്നറിയപ്പെടുന്ന കൊല്ലം മങ്ങാട് സ്വദേശി ജോസ് (50) പൊലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നൂറനാട് എസ്എച്ച്ഒ ശ്യാം മുരളിയും സംഘവുമാണ് കറ്റാനത്തിന് സമീപം വെട്ടിക്കോട് ഭാഗത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതികൾ പ്രതി പൊലീസിനോട് വിശദീകരിച്ചു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഒരാഴ്ച മുൻപാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളായ കാന്‍റീൻ, കറി പൗഡർ യൂണിറ്റ് എന്നിവിടങ്ങളിലുമായി മോഷണം നടന്നത്. ഇവിടെനിന്നും പതിനയ്യായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. ഓഫീസിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലായിരുന്നു. സിസിടിവിയുടെ ഡിവിആർ, ഹാർഡ് ഡിസ്ക് എന്നിവയും അഴിച്ചുമാറ്റിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും രാത്രി നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തതും. സംസ്ഥാനത്തെ പതിനഞ്ചോളം സ്റ്റേഷൻ പരിധികളിലായി വിവിധ മോഷണക്കേസുകളിൽ പ്രതിയായ ജോസ് മുൻപും ശിക്ഷയനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

YouTube video player