കണ്ണൂര്‍: കണ്ണൂരില്‍ 75 കാരിയായ വൃദ്ധയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മനോഹരന്‍ എന്നയാളാണ് മട്ടന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി മട്ടന്നൂർ പൊലീസ് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. 

അതേസമയം എറണാകുളം കോലഞ്ചേരിയിൽ 75 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുത്തൻകുരിശ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയ അയൽവാസികളാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പീഡനത്തിനിരയായ സ്ത്രീയുടെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുകയിലയും ചായയും നൽകാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന്  കൂട്ടിക്കൊണ്ടു പോയവരാണ് അമ്മയെ പീഡിപ്പിച്ചതെന്ന് മകൻ പറഞ്ഞു.

ഞായറാഴ്ചയാണ് സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായ മുറിവുകളുമായി 75 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബലാത്സംഗത്തിന് കേസെടുത്ത പൊലീസ് അയൽവാസികളായ മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്.