Asianet News MalayalamAsianet News Malayalam

'പരാതിക്കാരിയെ പീഡിപ്പിച്ചെന്നതിൽ അസ്വാഭാവികത'; ഉദ്യോഗസ്ഥരെ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം പൊലീസുകാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി

police association supports policemen accused of molesting complainant woman
Author
First Published Sep 6, 2024, 4:47 PM IST | Last Updated Sep 6, 2024, 4:47 PM IST

തിരുവനന്തപുരം: മലപ്പുറത്ത് പരാതിക്കാരിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന ആരോപണത്തിൽ അസ്വാഭാവികതയെന്ന് പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിറക്കി. ഇത്തരം വാ‍ർത്തകൾ നൽകും മുൻപ് പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകണം. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് എല്ലാ പിന്തുണയും തങ്ങൾ നൽകുമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം പൊലീസുകാർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. സിഐ വിനോദ്, മലപ്പുറം എസ്പിയായിരുന്ന സുജിത്ത് ദാസ് എന്നിവർ പീഡിപ്പിച്ചുവെന്നും ഡിവൈഎസ്‌പി ബെന്നി മോശമായി പെരുമാറിയെന്നുമാണ് വീട്ടമ്മ ആരോപിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎയെ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും വീട്ടമ്മ പറഞ്ഞു. സംഭവത്തിൽ സിഐക്കെതിരൊയ ആരോപണം നേരത്തെ വകുപ്പ് തലത്തിൽ പരിശോധിച്ചു എന്നാണ് പൊലീസ് വാദം. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ പക പോക്കലാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് ഡിവൈഎസ്‌പി ബെന്നി ആരോപിക്കുന്നത്. 

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ ഫെയ്സ്ബുക് പേജിൽ സംഘടനാ ജനറൽ സെക്രട്ടറി സിആർ ബിജുവിൻ്റെ പേരിലാണ് ഈ വിഷയത്തിലെ നിലപാട് അറിയിച്ചിരിക്കുന്നത്. 

ഫെയ്സ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ, 
വർത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ  നിലപാട്. എന്നാൽ ഇന്ന് ( 6/09/2024) മുതൽ ഒരു വാർത്താ ചാനൽ "പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര" എന്ന വാർത്ത നൽകുന്നത് കാണാനിടയായി. ഇത്തരം വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. 

ഒരു പീഢന പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP  പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോൾ Dysp പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോൾ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോൾ അത് കേൾക്കുന്ന ആർക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാർത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി നൽകുന്ന ഒരു വ്യാജവാർത്ത മാത്രമാണ് ഇതെങ്കിൽ, ഈ വാർത്ത മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും? ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവർക്കൊപ്പം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉണ്ടാകും എന്ന് കൂടി അറിയിക്കട്ടെ. 

Latest Videos
Follow Us:
Download App:
  • android
  • ios