രേഖകളെല്ലാം ഉണ്ടായിട്ടും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് വളാഞ്ചേരി സ്വദേശി ഫൈസലിന്‍റെ പരാതി. ഫൈസൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

മലപ്പുറം: മലപ്പുറം കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പൊലീസ് മർദ്ദിച്ചെന്ന് ലോറി ഡ്രൈവറുടെ പരാതി. ലോറി ഡ്രൈവർ വളാഞ്ചേരി സ്വദേശി ഫൈസൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ച പൊലീസ് 500 രൂപ പിഴ ആവശ്യപ്പെട്ടെന്ന് ഫൈസൽ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 250 രൂപ അടക്കാമെന്ന് പറഞ്ഞെങ്കിലും പരിഗണിച്ചില്ല. പരിശോധിച്ച രേഖകളെല്ലാം കൃത്യമായതോടെ അമിത ലോഡാണെന്നും തൂക്കം പരിശോധിക്കണമെന്നുമായി ആവശ്യം. ഇത് ശരിയല്ലെന്ന് പറഞ്ഞതോടെ വനിത എസ് ഐ ഇന്ദിരാമണി അസഭ്യം പറയുകയും എസ്.എച്ച്.ഒയെ വിളിച്ചുവരുത്തുകയും ചെയ്തു.

പരിക്കേറ്റ് നിലത്തു വീഴുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തതോടെ ഫൈസലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. നേരത്തെ വാഹന പരിശോധനക്കിടെ മറ്റൊരു യുവാവിൻ്റെ മൊബൈൽ ഫോൺ ഈ വനിതാ എസ്.ഐ പിടിച്ചു വാങ്ങി കൊണ്ടുപോയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona