പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ണാർമലയില്‍ റോഡ് ഉപരോധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവിയിൽ പുലിയെ കണ്ടെങ്കിലും പുലിയെ പിടികൂടാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം
മലപ്പുറം: പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ണാർമലയില്‍ റോഡ് ഉപരോധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെട്ടത്തൂര്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അടക്കം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പുലി ഭീതി അകറ്റണമെന്നാവശ്യപെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്. വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എം മുസ്തഫ, അംഗം തോരപ്പ ഹൈദര്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും മാര്‍ഗ തടസമുണ്ടാക്കിയെന്നുമാണ് കേസ്.
വനം വകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ
നാട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിരവധി തവണ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടും പുലിയെ പിടികൂടാൻ വനം വകുപ്പ് അലംഭാവം കാണിക്കുകയാണെന്നാരോപിച്ചാണ് ഇന്നലെ നാട്ടുകാര്‍ മണ്ണാര്‍മല -മാനത്ത് മംഗലം റോഡ് ഉപരോധിച്ചത്. പൊലീസുമായി ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും ഒരു മണിക്കൂറിനു ശേഷം നാട്ടുകാര്‍ സ്വമേധയാ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു .ഇന്നലെ മാത്രം രണ്ട് തവണ പുലി എത്തിയതായിരുന്നു നാട്ടുകാരുടെ പെട്ടന്നുള്ള പ്രതിഷേധത്തിന് കാരണം. പുലി വിഷയം ചര്‍ച്ച ചെയ്യാൻ നാളെ വനം വകുപ്പ് പഞ്ചായത്ത് ഓഫീസില്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് മൂന്ന മണിക്കാണ് യോഗം. ഇതിനിടെ ഇന്നലെ രാത്രിയിലും പുലി സ്ഥിരം വരുന്ന മണ്ണാര്‍മാഡ് റോഡ് മുറിച്ചു കടന്ന് പോയി. ഈ ദൃശ്യവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


