Asianet News MalayalamAsianet News Malayalam

ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതി; എൻ കെ പ്രേമചന്ദ്രൻ എം പിക്കെതിരെ കേസ്

പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്.

police case against n k premachandran on r s unnis family  complaint
Author
Kollam, First Published Jan 5, 2022, 10:33 PM IST

കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി (RSP) നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ (R S Unni) സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ എൻ കെ പ്രേമചന്ദ്രൻ (N K Premachandran) എം പി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആർ എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതിയില്‍ ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി.

ആര്‍ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീട് കൈയടക്കാന്‍ പ്രാദേശിക ആര്‍എസ്പി നേതാവിന്‍റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി. വീടിന്‍റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആര്‍എസ്പി നേതാക്കള്‍ ആ അവകാശം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ വീടിന്‍റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്ന് കുടുംബം പറയുന്നു.

ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന ആര്‍എസ്പി നേതാക്കള്‍ പ്രശ്നപരിഹാരത്തിന് സഹായിച്ചില്ലെന്നും ആരോപണമുണ്ട്. നിയമപരമായ അവകാശം സ്ഥാപിച്ചിട്ടും ഭീഷണി തുടരുന്ന ആര്‍എസ് പി പ്രാദേശിക നേതൃത്വം ഫൗണ്ടേഷന്‍റെ പേരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിക്കാര്‍ പറഞ്ഞു. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെ മുതിര്‍ന്ന ആര്‍ എസ് പി നേതാക്കളെ സമീപിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ആര്‍ എസ് ഉണ്ണിയുടെ മരണ ശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്ന് കെ പി ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. തന്നോട് പറയാതെ വീടീനുളളില്‍ സഹോദരിമാര്‍ അതിക്രമിച്ചു കടക്കുകയായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. സഹോദരിമാര്‍ക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാനുളള ഇടപെടല്‍ നടത്തുക മാത്രമേ നടത്തിയിട്ടുളളൂ എന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios