രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്.
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റില്‍. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവര പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
രണ്ട് വര്‍ഷമായി പ്രതികളായ അഞ്ചുപേരും കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയെ ബന്ധുക്കള്‍ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ല പൊലീസ് മേധവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ചുമത്തുന്ന വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
