കൊച്ചി: വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി കൊന്ന കേസില്‍ കള്ള വാദത്തിലൂടെ ജാമ്യം നേടിയ പ്രതി സഫര്‍ഷാ അറസ്റ്റില്‍. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല എന്ന പ്രതിഭാഗം അഭിഭാഷകന്‍റെയും സർക്കാർ അഭിഭാഷകന്‍റെയും വാദത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും ശരിയായ വസ്തുത കോടതിയെ ധരിപ്പിക്കുന്നതിൽ പിഴവുപറ്റി എന്നും കാണിച്ച് സർക്കാർ നൽകിയ ഹർജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഹർജി വീണ്ടും ബുധനാഴ്‍ച പരിഗണിക്കും.

കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ സിഐ ഏപ്രിൽ 1 ന് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു. 83 ആം ദിവസം കുറ്റപത്രം നൽകിയതിനാൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർ‍ഹത ഉണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ  ജാമ്യഹർജി നൽകിയ സഫർ ഷായുടെ അഭിഭാഷകൻ 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു. പ്രതിയുടെ കള്ളവാദം അംഗീകരിക്കുകയായിരുന്നു സർക്കാർ അഭിഭാഷകൻ. ഇതോടെയാണ് സെക്ഷൻ 167 പ്രകാരം ഹൈക്കോടതി സഫർ ഷായ്ക്ക് ജാമ്യം ഉപാധികളോടെ അനുവദിച്ചത്. 

മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ  ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.