കൊച്ചി: നെട്ടൂർ ഫഹദ് വധക്കേസിൽ ഒരു യുവതിയടക്കം രണ്ടു പേരെ കൂടെ അറസ്റ്റ്‌ ചെയ്തു. മുഖ്യപ്രതി ജോമോന്‍റെ  കാമുകിയായ വടകര സ്വദേശി അനില മാത്യുവും ഒളിവിൽ പോയ പ്രതി പനങ്ങാട് സ്വദേശി എ എസ് അതുലുമാണ്  പിടിയിലായത്. ഫഹദിനെ കുത്തിയ കത്തിയും പ്രതികൾ വിൽക്കാൻ ശേഖരിച്ചുവച്ച കഞ്ചാവും അനിലയുടെ സ്കൂട്ടറിൽ നിന്ന്  നേരത്തെ കണ്ടെത്തിയിരുന്നു.

കേസിൽ ഇനിയും പിടികൂടാനുള്ള പ്രതി ശ്രുതിയുമായി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ സംസാരിച്ചത് അനിലയുടെ ഫോണിൽ നിന്നായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികൾ അനിലയുടെ മുറിയിൽ ഒത്തുചേർന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഫഹദ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. കഴിഞ്ഞ 12നാണ് നെട്ടൂരിൽ വച്ച് ഫഹദ് കൊല്ലപ്പെട്ടത്. കഞ്ചാവ് കടത്തുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ കുത്തേറ്റാണ് ഫഹദ് മരിച്ചത്.