Asianet News MalayalamAsianet News Malayalam

ബ്രാന്‍റ്ഡ് വസ്ത്രങ്ങള്‍, ബുള്ളറ്റ്, അടിച്ചുപൊളി ജീവിതത്തിന് വഴി മോഷണം, ബികോം ബിരുദധാരി കണ്ണൂരില്‍ പിടിയില്‍

ആഡംബരമായി ജീവിക്കാനാണ് ബികോം ബിരുദധാരിയായ ഇയാൾ മോഷണം നടത്തുന്നത്. നാല് ജില്ലകളിൽ കേസുകളുണ്ട്. ബ്രാന്‍റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ഇസ്മായിൽ ബുള്ളറ്റിലാണ് സഞ്ചരിക്കുക.

police caught youth who do theft for luxurious life
Author
First Published Sep 13, 2022, 10:54 PM IST

കണ്ണൂര്‍: ബ്രാൻ്റഡ് വസ്ത്രങ്ങൾ ധരിക്കാനും വിലകൂടിയ വാഹനങ്ങൾ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിലായി. കായംകുളത്ത് നിന്നും കവർന്ന 50 പവൻ സ്വർണ്ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂർ സ്വദേശി ഇസ്മായിൽ വലയിലായത്. നാലു ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയാൽ ഉടൻ അടുത്ത മോഷണം ആസൂത്രണം ചെയ്യും.

കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു വീട്ടിൽ കയറി 20 പവനും ഒരുലക്ഷം രൂപയും പ്രതി കവർന്നു, പോർച്ചിൽ നിർത്തിയിട്ട എൻഫീൽഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായിൽ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്. അവിടെ പെൺസുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ അഞ്ചാം തീയതി കായംകുളത്ത് പൂട്ടിയിട്ട ഒരു വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കവർന്നു. ഈ സ്വർണ്ണം വിൽക്കാൻ ശ്രമിക്കുമ്പോഴാണ് രഹസ്യ വിവരത്തെതുടർന്ന് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ പിടികൂടിയത്.

ഇയാളുടെ കയ്യിൽ നിന്നും കുറച്ച് സ്വർണ്ണം കണ്ടെടുത്തു. ബാക്കി പണയമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചതായി മനസിലായിട്ടുണ്ട്. പ്രതിയെ കായംകുളം പൊലീസിന് കൈമാറും. ആഡംബരമായി ജീവിക്കാനാണ് ബികോം ബിരുദധാരിയായ ഇയാൾ മോഷണം നടത്തുന്നത്. നാല് ജില്ലകളിൽ കേസുകളുണ്ട്. ബ്രാന്‍റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ഇസ്മായിൽ ബുള്ളറ്റിലാണ് സഞ്ചരിക്കുക. സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം. രാവിലെ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവച്ച് രാത്രി മോഷണത്തിന് ഇറങ്ങും. ഫോണുകളും സിമ്മുകളും നിരന്തരം മാറ്റുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പൊലീസ് പറയുന്നു. കാക്കനാടും വിയ്യൂരും കോഴിക്കോടുമൊക്കെ റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഇസ്മായിൽ ജാമ്യത്തിലിറങ്ങിയാൽ ഉടൻ അടുത്ത മോഷണം ആസൂത്രണം ചെയ്യും.

Follow Us:
Download App:
  • android
  • ios