Asianet News MalayalamAsianet News Malayalam

ഇളവുകളില്‍ അവ്യക്തത തുടരുന്നു; കോഴിക്കോടും എറണാകുളത്തും തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു

എറണാകുളം ബ്രോഡ് വേയിൽ തുറന്ന കടകള്‍ പൊലീസെത്തി അടപ്പിച്ചു. കൂട്ടം ചേർന്നിരിക്കുന്ന കടകളായതിനാൽ ആളുകൾ കൂടുതലായി എത്തുമെന്നും തുറക്കാൻ പറ്റില്ലെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം

police closed shops which are opened in kozhikode and ernakulam
Author
Kochi, First Published May 4, 2020, 1:05 PM IST

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നുമുതല്‍ ഹോട്ട്‍സ്‍പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകള്‍ പൊലീസ് എത്തി അടപ്പിച്ചു. എറണാകുളം ബ്രോഡ് വേയിൽ തുറന്ന കടകള്‍ പൊലീസെത്തി അടപ്പിച്ചു. കൂട്ടം ചേർന്നിരിക്കുന്ന കടകളായതിനാൽ ആളുകൾ കൂടുതലായി എത്തുമെന്നും തുറക്കാൻ പറ്റില്ലെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ വ്യാപാരികള്‍ പ്രതിഷേധവുമായെത്തി. പ്രശ്‍നം പരിഹരിക്കാൻ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലും സമാനമായ സാഹചര്യമാണ്. മിഠായിത്തെരുവ് പോലുള്ള സ്ഥലങ്ങളിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികളെ പൊലീസ് എത്തി തടഞ്ഞു.  മിഠായി തെരുവിൽ നിബന്ധനകൾ പാലിച്ചേ കടകൾ തുറക്കൂവെന്ന് വ്യാപാരികൾ വ്യക്തമാക്കിയിട്ടുണ്ട്. തെരുവിന്‍റെ ഒരു ഭാഗത്ത് ഒരു ദിവസം മറ്റേ ഭാഗത്ത് മറ്റൊരു ദിവസം എന്ന രീതിയിൽ കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം.

 ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജനത്തിരക്ക് കുറവുള്ള മേഖലകളിലും കടകൾ തുറക്കാമെന്നാണ് പൊലീസ് നിർദേശം. എന്നാൽ അവശ്യമേഖലയിലെ കടകൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്.  ഇക്കാര്യത്തിൽ വ്യക്തത തേടി വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡന്‍റ്  ടി നസിറുദ്ദീൻ ചീഫ് സെക്രട്ടറിയെ സമീപിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങളും അല്ലാത്തയിടങ്ങളിൽ ഇളവുകളും ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios