കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം കോടതി ചൊവ്വാഴ്ച വിധി പറയും.  

കോഴിക്കോട് : കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതിനിടെ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരി പൊലീസിനെ സമീപിച്ചു. പ്രചരിക്കപ്പെട്ട വീഡിയോയില്‍ താന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി സൈബര്‍ പൊലീസിനെ സമീപിച്ചത്.

കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ദീപക്കിനെ ഷിംജിതക്ക് ഒരു മുന്‍ പരിചയവുമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. വിശദവാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റുകയുമായിരുന്നു. അതേ സമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരി പൊലീസിനെ സമീപിച്ചു. വീഡിയോയില്‍ താന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെണ്‍കുട്ടി കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ സമീപിച്ചത്. ഈ പരാതിയുടെ വിശദാശംശങ്ങള്‍ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കള്‍ കണ്ണൂര്‍ പൊലീസിന് വിവരാവകാശ അപേക്ഷ നല്‍കി.

മഞ്ചേരി ജയിലാണ് ഷിംജിത മുസ്തഫ റിമാന്‍ഡില്‍ കഴിയുന്നത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചതും പോസ്റ്റ് ചെയ്തതും. അടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു.