ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിന് മുകളിലേക്ക് വീണ റംഷാദിന് സാരമായ പരിക്കേറ്റു. ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് റംഷാദ് പറയുന്നു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാധ്യമപ്രവർത്തകനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ആളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി. അഞ്ച് ദിവസം മുന്പ് അപകടം ഉണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടും തുടർ നടപടികൾ നിലച്ചമട്ടാണ്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സമകാലിക മലയാളം വാരികയിലെ ചീഫ് റിപ്പോർട്ടർ പി.എസ്.റംഷാദിനെ കാർ ഇടിച്ച് വിഴ്ത്തിയത്. പിന്നിലൂടെ അതിവേഗത്തിൽ പാഞ്ഞെത്തിയ നീല മാരുതിക്കാർ, സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി.

ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിന് മുകളിലേക്ക് വീണ റംഷാദിന് സാരമായ പരിക്കേറ്റു. ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് റംഷാദ് പറയുന്നു. റംഷാദിൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസി ടിവി ദൃശ്യത്തിൻ്റേയും ദൃക്സാക്ഷികളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞു.

എന്നാൽ അന്നേ ദിവസം വാഹനം അടുത്ത ഒരു ബന്ധുവിന് വിട്ടു നൽകിയിരുന്നു എന്നാണ് കാർ ഉടമ പറയുന്നത്. കാർ ഓടിച്ച ബന്ധു അപകടം വരുത്തിയിട്ടില്ലെന്നും ഇയാൾ നിലപാടെടുത്തു. വാഹനം ഓടിച്ച ആളെ പൊലീസിന് മുന്നിൽ ഹാജരാക്കാനും ഇയാൾ തയ്യാറായില്ല. ഇതോടെ പൊലീസ് അന്വേഷണം നിലച്ച മട്ടാണ് എന്നാണ് റംഷാദിൻ്റെ പരാതി. അതേസമയം വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തത് പൊലീസ് ആണെന്നും. ഡ്രൈവറുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പേരൂർക്കട പൊലീസ് അറിയിച്ചു.

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വടകരയില്‍ പൊലീസ് (Vadakara Police) കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. റൂറൽ എസ് പിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശിച്ചു. അതേസമയം, സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. 

വടക സ്റ്റേഷൻ എസ്.ഐ നിജേഷ്, എ എസ് ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ‍് ചെയ്തത്. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഉത്തരമേഖല ഐജി രാഹുൽ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്. വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു. 

ഇന്നലെ രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.