റെയ്ഡില്‍ അനാശാശ്യത്തിന് പിടികൂടിയ തന്നെ കേസിൽ നിന്ന് ഒഴിവാക്കാനായി ഉമേഷ്‌ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു. ഉമേഷിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രിമിനൽ കേസ് എടുക്കാതെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ഒരു ഭാഗത്ത് സജീവമായി നടക്കുന്നത്.

കോഴിക്കോട്: സ്ത്രീപീഡന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ വടകര ഡിവൈഎസ്‍പി എ ഉമേഷിനെതിരെ കേസ് എടുക്കാതെ ഒളിച്ചുകളിച്ച് പൊലീസ്. റെയ്ഡില്‍ അനാശാശ്യത്തിന് പിടികൂടിയ തന്നെ കേസിൽ നിന്ന് ഒഴിവാക്കാനായി ഉമേഷ്‌ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായുണ്ട്.

ചെറുപ്പുളശ്ശേരി എസ് എച്ച് ഒ ആയിരുന്ന ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തുകയും ഇവയത്രയും ശരിവെച്ച് യുവതി മൊഴി നൽകുകയും ചെയ്തിട്ടും ഉമേഷിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസില്ല. റെയ്ഡിൽ പിടികൂടിയ തന്നെ കേസിൽ നിന്ന് ഒഴിവാക്കാനായി അന്ന് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഉമേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍ക്ക് മൊഴി നൽകിയത്. ഈ മൊഴിയെ തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകുകയും ഡിജിപി നടപടി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് ശുപാർശ നൽകുകയും ചെയ്തതിനെ തുടർന്നായിരുന്നു ഉമേഷിനെ സസ്പെൻഡ് ചെയ്തത്. എങ്കിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാതെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ഒരു ഭാഗത്ത് സജീവമായി നടക്കുന്നത്.

യുവതി മൊഴി നൽകി ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് പാലക്കാട് പൊലീസ് വിശദീകരിക്കുന്നില്ല. പീഡനത്തിന് ഇരയായതായി ഉമേഷിനെതിരെ മൊഴി നൽകിയ യുവതി ബിനു തോമസുമായും വ്യക്തി ബന്ധം പുലർത്തിയിരുന്ന ആളാണ്. ജീവനൊടുക്കും മുൻപ് ബിനു തോമസ് ഇവരുമായി ആശയവിനിമയം നടത്തിയതിന്‍റെ തെളിവുകളും പൊലീസിന്‍റെ പക്കലുണ്ട്. പീഡന പരാതിയിൽ ഉറച്ചുനിന്നാൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് തന്നെയും പ്രതിചേർത്തേക്കും എന്ന ആശങ്ക യുവതിക്കുണ്ട്. അതിനിടെ, പരാതിക്കാരിയെ പണം നൽകി സ്വാധീനിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സ്ത്രീയെ കേസിൽ നിന്ന് ഒഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്ത വിവരം സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയെങ്കിലും സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവായ ഉമേഷിന് സംരക്ഷണവുമായി അസോസിയേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തന്നെ രംഗത്ത് ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

YouTube video player