പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ  അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.

മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് എല്‍ സുരേന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്‍തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്‍റെ ഭാര്യ സജിനി പ്രതികരിച്ചു.

ജൂലൈ 25-നാണ് കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.