Asianet News MalayalamAsianet News Malayalam

സമൂഹവ്യാപനഭീതി: കണ്ണൂരിലെ കണ്ടൈൻമെൻ്റ് സോണുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തുമാണ് ജില്ലിയിൽ സമൂഹവ്യാപനമെന്ന ആശങ്കക്കിടയാക്കിയത്

police on high alert in containment zones in kannur
Author
Kannur, First Published Jun 1, 2020, 8:59 AM IST

കണ്ണൂ‍ർ: സമൂഹവ്യാപനം സംശയിക്കുന്ന കണ്ണൂരിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ അതീവ ജാഗ്രത. ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും പൊലീസ് പൂർണമായും അടച്ചു. ആളുകൾ പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തുമാണ് ജില്ലിയിൽ സമൂഹവ്യാപനമെന്ന ആശങ്കക്കിടയാക്കിയത്. ഈ കുടുംബത്തിലെ ആളുകളുമായി സമ്പർക്കമുണ്ടായ രണ്ടുപേർക്കും കൊവിഡ് ബാധിച്ചു. 

ധർമ്മടത്തെ കുടുംബത്തിലെ ആളുകൾ ജോലി ചെയ്ത തലശ്ശേരിയിലെ മത്സ്യമാർക്കറ്റാണോ രോഗത്തിന്റെ ഉറവിടം എന്ന സംശയം ആരോഗ്യ വകുപ്പിനുണ്ട്. മത്സ്യമാർക്കറ്റുൾപ്പെടുന്ന രണ്ട് വാർഡുകളും,മുഴപ്പിലങ്ങാട്,ധർമ്മടം പഞ്ചായത്തുകളും പൊലീസ് അടച്ചു.

229 പേർക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരിൽ 103 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു.  ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി വന്ന പതിമൂന്നായിരത്തിലേറെ ആളുകൾ കണ്ണൂരിൽ നിരീക്ഷണത്തിലുണ്ട്. 

ഇവരിൽ മുബൈയിൽ നിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ.  ഇരുപത്തിയാറ് തദ്ദേശ സ്ഥാപനങ്ങൾ ഹോട്ട് സ്പോട്ടുകളാണ്. വരും ദിവസങ്ങളിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ ജില്ലയിൽ നിരോധനാഞ്ജ ഏർപെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. ആളുകൾ ജാഗ്രതയോടെയിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് ജില്ലാഭരണകൂടം.

Follow Us:
Download App:
  • android
  • ios