കൊല്ലം: അഞ്ചലിലെ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്റെ വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്ത സ്വർണം ഉത്രയുടേത് തന്നെയാണോയെന്ന് പരിശോധിക്കുന്നു. ഉത്രയുടേയും സൂരജിന്‍റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആൽബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. 

കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെകൂടി പിന്തുണയോടെയാണോ എന്നത് അറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. 

ഉത്ര കൊലപാതകം: നിയമനടപടിയുമായി മുന്നോട്ട് പോകും, പ്രധാനപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുടുംബം

ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രൻ സമ്മതിച്ചത്. സൂരജിന്‍റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്

ഉത്ര വധക്കേസ്; സൂരജിന്‍റെ അച്ഛന്‍ അറസ്റ്റില്‍, അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തേക്കും

അതേസമയം ഇന്ന് പത്ത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സൂരജിന്‍റെ അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി എത്തിച്ചേര്‍ന്നിട്ടില്ല. മനപ്പൂര്‍വ്വമാണ് എത്തിച്ചേരാത്തതെങ്കിൽ ഇവരെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യാനാകും പൊലീസിന്‍റെ നീക്കം. അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിൽ പങ്കുള്ളവര്‍ ശിക്ഷിക്കപ്പെടാൻ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സൂരജിന്‍റെ അമ്മയ്ക്കും സഹോദരിക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ടെന്നും ഉത്രയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു.