ആലുവ: കോവിഡ് മാനദണ്ഡം പാലിക്കാതെ സംസ്കാര ചടങ്ങ് നടത്തിയ സംഭവത്തിൽ 45 പേർക്കെതിരെ കേസെടുത്തു. ആലുവ തോട്ടക്കാട്ടുകരയിൽ മരിച്ച വൃദ്ധയുടെ സംസ്കാരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. 

സംസ്കാരചടങ്ങിൽ പങ്കെടുത്ത കണ്ടാലറിയുന്ന 45 പേർക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. മരണപ്പെട്ട വൃദ്ധയുടെ രണ്ട് ബന്ധുക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്കാരചടങ്ങിൽ ഇരുന്നൂറിലേറെ പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.  

സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് കൂടുതൽ പേർക്കെതിരെ കേസെടുക്കും എന്നാണ് വിവരം. കിടപ്പുരോഗിയായിരുന്നു മരിച്ച വൃദ്ധ. മരണപ്പെടുമ്പോൾ പനിയടക്കമുള്ള അസുഖങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും കൊവിഡ് പരിശോധന നടത്താതെ ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയായിരുന്നു.