സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയെന്ന് പറഞ്ഞാണ് സജീവന്‍ പ്രായമായ സ്ത്രീയെ മര്‍ദ്ദിച്ചത്.
കൊല്ലം: കൊല്ലം അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിയായ (kollam old age home) വയോധികയെ ചൂരൽ വടികൊണ്ട് അടിച്ചയാൾക്കെതിരെ പൊലീസ് (police) കേസെടുത്തു. അഞ്ചൽ അർപ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്. അഞ്ചലിലെ സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി സജീവന്‍റെ ക്രൂരമായ പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാർഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് സ്വന്തം അമ്മയെക്കാൾ മുതിർന്ന ഒരു സ്ത്രീയെ സജീവൻ ചൂരലുകൊണ്ട് അടിച്ചത്.

- Read Also : 'പുറത്താക്കാതിരിക്കാന്‍ കാല് പിടിപ്പിച്ചു'; കാസര്‍കോട് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതി
ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകൾ ഉപയോഗിച്ചുള്ള ശകാരവും ഭീഷണിയുമുണ്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു വിട്ടത്. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻജീവനക്കാരൻ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്. സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
