മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മൂന്ന് പേര്‍ക്കെതിരെയാണ് മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. 

പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മൂന്ന് പേരും വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അയോധ്യകേസിലെ വിധിക്ക് ശേഷം വര്‍ഗ്ഗീയ പരാമര്‍ശത്തിന്‍റെ പേരില്‍ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി. 

അയോധ്യ വിധിയെ പറ്റി മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്  കൊച്ചി സെൻട്രൽ പൊലീസും നേരത്തെ കേസ് എടുത്തിരുന്നു. വർഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസെെടുത്തത്. കേരള പൊലീസിൻ്റെ സൈബർ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്‍റെ സൈബര്‍ സെല്ലും സൈബര്‍ ഡോമും സമൂഹമാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്.