പാലക്കാട്: പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് കേസെടുത്തത്.ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് പാലക്കാട് എസ്പി റിപ്പോര്‍ട്ട് തേടുകയും ചെയ്തു

ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി 153 ആം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയ്ക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ കൗണ്ടിങ് ഏജന്‍റുമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക. ബുധനാഴ്ച വോട്ടെണ്ണല്‍ ദിനത്തില്‍ ഉച്ചയോടെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്സ് ഉയര്‍ത്തിയത്. രണ്ട് ഫ്ളക്സുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. പൊലീസെത്തി ഫ്ളക്സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. 

പൊലീസ് നിലപാടിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ആദ്യം പരാതി നല്‍കി. മത സ്പര്‍ധ വളര്‍ത്താനുള്ള ബിജെപി നീക്കത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎമ്മും പരാതി നല്‍കി. പിന്നാലെയായിരുന്നു നഗര സഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിങ് ഏജന്‍റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിങ് സെന്‍ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്ലളക്സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്.

ഇക്കാര്യത്തിലടക്കമാണ് സ്പെഷ്യല്‍ ബ്രാ‍ഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടിയത്. ഫ്ളക്സ് ഉയര്‍തത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ല എന്ന് വിശദീകരിച്ച ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പിന്നീട് പരാതി നല്‍കിയ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നെന്നായിരുന്നു പരിഹാസം .