തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനും പ്രിന്‍സിപ്പാളിനുമെതിരെ പൊലീസിന്‍റെ റിപ്പോര്‍ട്ട്. കോളേജില്‍ റാഗിങ് വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നില്ല. ക്യാമ്പസ്സില്‍ അക്രമസംഭവമുണ്ടായിട്ടും വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്‍റോണ്‍മെന്‍റ് സിഐ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

എല്ലാ കോളേജിലും റാഗിങ് വിരുദ്ധ സ്ക്വാഡ് വേണമെന്നും അതില്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, ഇന്നുവരെ അങ്ങനെയൊരു കാര്യം കോളേജില്‍ നിന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. റാഗിങ് വിരുദ്ധ സ്ക്വാഡ് കോളേജില്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പൊലീസിന്‍റെയും വിദ്യാഭ്യാസവകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ മാസവും കോളേജുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറുണ്ട്. ഇക്കാര്യവും യൂണിവേഴ്സിറ്റി കോളേജില്‍ നടപ്പാക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്യാമ്പസ്സിനുള്ളില്‍ അക്രമം നടന്നിട്ടും പൊലീസിനെ അറിയിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. ഇത് ഗുരുതരവീഴ്ചയാണ്. വിവരമറിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് കുത്തേറ്റ് ചേര വാര്‍ന്നു കിടന്ന അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറയുന്നു.